Menu

സങ്കീർത്തനങ്ങൾ 132

IRV

1 യഹോവേ, ദാവീദിനെയും അവന്‍റെ സകലകഷ്ടതയെയും ഓർക്കേണമേ. 2 അവൻ യഹോവയോടു സത്യംചെയ്ത് യാക്കോബിന്‍റെ വല്ലഭന് നേർന്നത് എന്തെന്നാൽ: 3 “യഹോവയ്ക്ക് ഒരു സ്ഥലം, യാക്കോബിന്‍റെ സര്‍വ്വശക്തനായ ദൈവത്തിനു ഒരു നിവാസം കണ്ടെത്തുംവരെ 4 ഞാൻ എന്‍റെ കൂടാര വീട്ടിൽ കടക്കുകയില്ല; എന്‍റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. 5 ഞാൻ എന്‍റെ കണ്ണിന് ഉറക്കവും എന്‍റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല." 6 നാം എഫ്രാത്തയിൽ അതിനെക്കുറിച്ച് കേട്ടു വനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ. 7 നാം ദൈവത്തിന്‍റെ തിരുനിവാസത്തിലേക്കു ചെന്നു അവിടുത്തെ പാദപീഠത്തിൽ നമസ്കരിക്കുക. 8 യഹോവേ, അങ്ങേയുടെ ബലത്തിന്‍റെ പെട്ടകവുമായി അങ്ങേയുടെ വിശ്രാമത്തിലേക്ക് എഴുന്നള്ളേണമേ. 9 അങ്ങേയുടെ പുരോഹിതന്മാർ നീതി ധരിക്കുകയും അങ്ങേയുടെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ. 10 അങ്ങേയുടെ ദാസനായ ദാവീദിനെ ഓർത്തു അങ്ങേയുടെ അഭിഷിക്തന്‍റെ മുഖത്തെ തിരസ്ക്കരിക്കരുതേ. 11 “ഞാൻ നിന്‍റെ ഉദരഫലത്തെ നിന്‍റെ സിംഹാസനത്തിൽ ഇരുത്തും; 12 നിന്‍റെ മക്കൾ എന്‍റെ നിയമവും ഞാൻ അവർക്ക് ഉപദേശിച്ച സാക്ഷ്യവും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്‍റെ സിംഹാസനത്തിൽ ഇരിക്കും” എന്നു യഹോവ ദാവീദിനോട് ആണയിട്ട് സത്യം; കർത്താവ് അതിൽനിന്ന് മാറുകയില്ല. 13 യഹോവ സീയോനെ തിരഞ്ഞെടുക്കുകയും അതിനെ തന്‍റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു. 14 “അത് എന്നേക്കും എന്‍റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും; 15 അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ട് തൃപ്തി വരുത്തും. 16 അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും. 17 അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പ് മുളപ്പിക്കും; എന്‍റെ അഭിഷിക്തന് ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്. 18 ഞാൻ അവന്‍റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്‍റെ തലയിലോ കിരീടം ശോഭിക്കും."

Everything we make is available for free because of a generous community of supporters.

Donate