Menu

വെളിപ്പാട് 15

IRV

1 പിന്നെ വലുതും അത്ഭുതകരവുമായ മറ്റൊരു അടയാളം ഞാൻ സ്വർഗ്ഗത്തിൽ കണ്ടു; അവിടെ അവസാനത്തെ ഏഴു ബാധകളുള്ള ഏഴു ദൂതന്മാരെ തന്നെ. ദൈവക്രോധം ഇവരിൽ പൂർത്തിയായി. 2 തീ കലർന്ന പളുങ്കുകടൽ പോലെയൊന്നും അതിനരികെ മൃഗത്തെയും അതിന്‍റെ പ്രതിമയേയും മൃഗത്തിന്‍റെ പേരിന്‍റെ സംഖ്യയേയും ജയിച്ചവർ, ദൈവം നൽകിയ വീണകൾ പിടിച്ചുംകൊണ്ടു നില്ക്കുന്നതും ഞാൻ കണ്ടു. 3 അവർ ദൈവത്തിന്‍റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിൻ്റെ പാട്ടും പാടിക്കൊണ്ടിരുന്നു: സകലത്തെയും ഭരിക്കുന്നവനായ ദൈവമായ കർത്താവേ, നിന്‍റെ പ്രവൃത്തികൾ വലുതും അത്ഭുതങ്ങളുമായവ; സർവ്വശക്തനായ കർത്താവും വിശുദ്ധരുടെ രാജാവേ, നിന്‍റെ വഴികൾ നീതിയും സത്യവുമുള്ളവ. 4 കർത്താവേ, ആർ നിന്നെ ഭയപ്പെടാതെയും നിന്‍റെ നാമത്തെ മഹത്വപ്പെടുത്താതെയും ഇരിക്കും? എന്തെന്നാൽ നീ മാത്രം പരിശുദ്ധൻ; നിന്‍റെ ന്യായവിധികൾ വെളിപ്പെട്ടിരിക്കുന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ ആരാധിക്കും. 5 ഈ സംഭവങ്ങൾക്ക് ശേഷം ഞാൻ നോക്കിയപ്പോൾ, സ്വർഗ്ഗത്തിലെ സാക്ഷ്യകൂടാരത്തിൻ്റെ ആലയം തുറന്നതായി കണ്ടു. 6 ഏഴു ബാധകൾ കയ്യിലുള്ള ഏഴു ദൂതന്മാരും ശുദ്ധമായ വെള്ളവസ്ത്രം ധരിച്ചും മാറത്ത് പൊൻകച്ച കെട്ടിയുംകൊണ്ട് അതിവിശുദ്ധസ്ഥലത്ത് നിന്നു പുറത്തു വന്നു. 7 നാലു ജീവികളിൽ ഒന്ന് എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്‍റെ ക്രോധം നിറഞ്ഞ ഏഴു സ്വർണ്ണപാത്രങ്ങൾ ആ ഏഴു ദൂതന്മാർക്ക് കൊടുത്തു. 8 ദൈവത്തിന്‍റെ തേജസ്സിനാലും ശക്തിയാലും അതിവിശുദ്ധസ്ഥലം പുകകൊണ്ട് നിറഞ്ഞു; ഏഴു ദൂതന്മാരുടെ ബാധ ഏഴും പൂർത്തിയാകുവോളം അതിവിശുദ്ധസ്ഥലത്ത് പ്രവേശിക്കുവാൻ ആർക്കും കഴിഞ്ഞില്ല.

Everything we make is available for free because of a generous community of supporters.

Donate