Menu

സങ്കീർത്തനങ്ങൾ 88

IRV

1 എന്‍റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു; 2 എന്‍റെ പ്രാർത്ഥന തിരുമുൻപിൽ വരുമാറാകട്ടെ; എന്‍റെ നിലവിളിക്കു ചെവി ചായിക്കേണമേ. 3 എന്‍റെ പ്രാണൻ കഷ്ടതകൊണ്ട് നിറഞ്ഞിരിക്കുന്നു; എന്‍റെ ജീവൻ പാതാളത്തോട് സമീപിക്കുന്നു. 4 കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു; ഞാൻ ബലഹീനനായ മനുഷ്യനെപ്പോലെയാകുന്നു. 5 ശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു; അവരെ അങ്ങ് പിന്നെ ഓർക്കുന്നില്ല; അവർ അങ്ങേയുടെ കൈയിൽനിന്ന് ഛേദിക്കപ്പെട്ടുപോയിരിക്കുന്നു. 6 അങ്ങ് എന്നെ ഏറ്റവും താണകുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു. 7 അങ്ങേയുടെ ക്രോധം എനിക്ക് ഭാരമായിരിക്കുന്നു; അങ്ങേയുടെ എല്ലാ തിരകളുംകൊണ്ട് അവിടുന്ന് എന്നെ വലച്ചിരിക്കുന്നു. സേലാ. 8 എന്‍റെ പരിചയക്കാരെ അവിടുന്ന് എന്നോട് അകറ്റി, അവർക്ക് എന്നോട് വെറുപ്പായിരിക്കുന്നു; പുറത്തിറങ്ങുവാൻ കഴിയാത്തവിധം എന്നെ അടച്ചിരിക്കുന്നു. 9 എന്‍റെ കണ്ണ് കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാൻ ദിവസംപ്രതി അങ്ങയെ വിളിച്ചപേക്ഷിക്കുകയും എന്‍റെ കൈകളെ അങ്ങയിലേക്ക് മലർത്തുകയും ചെയ്യുന്നു. 10 അവിടുന്ന് മരിച്ചവർക്ക് വേണ്ടി അത്ഭുതങ്ങൾ ചെയ്യുമോ? മൃതന്മാർ എഴുന്നേറ്റ് അങ്ങയെ സ്തുതിക്കുമോ? സേലാ. 11 ശവക്കുഴിയിൽ അങ്ങേയുടെ ദയയെയും വിനാശത്തിൽ അങ്ങേയുടെ വിശ്വസ്തതയെയും വർണ്ണിക്കുമോ? 12 അന്ധകാരത്തിൽ അങ്ങേയുടെ അത്ഭുതങ്ങളും വിസ്മൃതിയുടെ ദേശത്ത് അങ്ങേയുടെ നീതിയും വെളിപ്പെടുമോ? 13 എന്നാൽ യഹോവേ, ഞാൻ അങ്ങേയോട് നിലവിളിക്കുന്നു; രാവിലെ എന്‍റെ പ്രാർത്ഥന തിരുസന്നിധിയിൽ വരുന്നു. 14 യഹോവേ, അവിടുന്ന് എന്‍റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്? അങ്ങേയുടെ മുഖത്തെ എനിക്ക് മറയ്ക്കുന്നതും എന്തിന്? 15 ബാല്യംമുതൽ ഞാൻ അരിഷ്ടനും മൃതപ്രായനും ആകുന്നു; ഞാൻ അങ്ങേയുടെ ഭീകരതകൾ സഹിച്ച് വലഞ്ഞിരിക്കുന്നു. 16 അങ്ങേയുടെ ഉഗ്രകോപം എന്‍റെ മീതെ കവിഞ്ഞിരിക്കുന്നു; അങ്ങേയുടെ ഭീകരത എന്നെ സംഹരിച്ചിരിക്കുന്നു. 17 അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു. 18 സ്നേഹിതനെയും കൂട്ടാളിയെയും അവിടുന്ന് എന്നോട് അകറ്റിയിരിക്കുന്നു; എന്‍റെ സ്നേഹിതന്മാർ അന്ധകാരമത്രേ.

Everything we make is available for free because of a generous community of supporters.

Donate