സങ്കീർത്തനങ്ങൾ 56
IRV1 ദൈവമേ, എന്നോട് കൃപയുണ്ടാകേണമേ; മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു; അവർ ഇടവിടാതെ പൊരുതി എന്നെ ഞെരുക്കുന്നു. 2 എന്‍റെ ശത്രുക്കൾ ഇടവിടാതെ എന്നെ വേട്ടയാടുവാൻ ഭാവിക്കുന്നു; ഗർവ്വത്തോടെ എന്നോട് പൊരുതുന്നവർ അനേകരാണല്ലോ. 3 ഞാൻ ഭയപ്പെടുന്ന നാളിൽ അങ്ങയിൽ ആശ്രയിക്കും. 4 ഞാൻ ദൈവത്തിൽ അവിടുത്തെ വചനത്തെ പുകഴ്ത്തും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ജഡികമനുഷ്യന് എന്നോട് എന്ത് ചെയ്യുവാൻ കഴിയും? 5 ഇടവിടാതെ അവർ എന്‍റെ വാക്കുകൾ വളച്ചൊടിക്കുന്നു; അവരുടെ വിചാരങ്ങളെല്ലാം എന്‍റെ നേരെ തിന്മയ്ക്കായിട്ടാകുന്നു. 6 അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്‍റെ പ്രാണനായി പതിയിരിക്കുന്നതുപോലെ അവർ എന്‍റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു. 7 നീതികേടിനാൽ അവർ രക്ഷപെടുമോ? ദൈവമേ, അങ്ങേയുടെ കോപത്തിൽ ജനതകളെ തള്ളിയിടേണമേ. 8 എന്‍റെ ലക്ഷ്യമില്ലാത്ത നടപ്പുകൾ അവിടുന്ന് എണ്ണുന്നു; എന്‍റെ കണ്ണുനീർ അങ്ങേയുടെ തുരുത്തിയിൽ സൂക്ഷിക്കേണമേ; അത് അങ്ങേയുടെ പുസ്തകത്തിൽ ഇല്ലയോ? 9 ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നെ എന്‍റെ ശത്രുക്കൾ പിന്തിരിയുന്നു; ദൈവം എനിക്ക് അനുകൂലമെന്നു ഞാൻ അറിയുന്നു. 10 ഞാൻ ദൈവത്തിൽ, അവിടുത്തെ വചനത്തിൽ തന്നെ പുകഴും; ഞാൻ യഹോവയിൽ അവിടുത്തെ വചനത്തിൽ പ്രശംസിക്കും. 11 ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്ത് ചെയ്യുവാൻ കഴിയും? 12 ദൈവമേ, അങ്ങേക്കുള്ള നേർച്ചകൾ കഴിക്കുവാൻ ഞാൻ കടമ്പെട്ടിരിക്കുന്നു; ഞാൻ അവിടുത്തേക്ക് സ്തോത്രയാഗങ്ങൾ അർപ്പിക്കും. 13 ഞാൻ ദൈവമുമ്പാകെ ജീവന്‍റെ പ്രകാശത്തിൽ നടക്കേണ്ടതിന് അവിടുന്ന് എന്‍റെ പ്രാണനെ മരണത്തിൽനിന്നും എന്‍റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.
