Menu

സങ്കീർത്തനങ്ങൾ 48

IRV

1 നമ്മുടെ ദൈവത്തിന്‍റെ നഗരത്തിൽ, കർത്താവിന്‍റെ വിശുദ്ധപർവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു. 2 മഹാരാജാവിന്‍റെ നഗരമായ ഉത്തരദിശയിലുള്ള സീയോൻപർവ്വതം ഉയരംകൊണ്ട് മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു. 3 അതിന്‍റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ട് വന്നിരിക്കുന്നു. 4 ഇതാ, രാജാക്കന്മാർ കൂട്ടംകൂടി; അവർ ഒന്നിച്ച് കടന്നുപോയി. 5 അവർ അത് കണ്ടു അമ്പരന്നു, അവർ പരിഭ്രമിച്ച് ഓടിപ്പോയി. 6 അവർക്ക് അവിടെ വിറയൽ പിടിച്ചു; നോവു കിട്ടിയവളെപ്പോലെ വേദന പിടിച്ചു. 7 അവിടുന്ന് കിഴക്കൻ കാറ്റുകൊണ്ട് തർശ്ശീശ് കപ്പലുകൾ തകർത്ത് കളയുന്നു. 8 നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്‍റെ നഗരത്തിൽ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും ഉറപ്പിക്കുന്നു. സേലാ. 9 ദൈവമേ, അങ്ങേയുടെ മന്ദിരത്തിൽ വച്ചു ഞങ്ങൾ അവിടുത്തെ ദയയെക്കുറിച്ച് ചിന്തിക്കുന്നു. 10 ദൈവമേ, തിരുനാമംപോലെ തന്നെ അങ്ങേയുടെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; അങ്ങേയുടെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു. 11 അവിടുത്തെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കുകയും യെഹൂദാജനം ആനന്ദിക്കുകയും ചെയ്യുന്നു. 12 സീയോനെ ചുറ്റിനടക്കുവിൻ; അതിനെ പ്രദക്ഷിണം ചെയ്യുവിൻ; അതിന്‍റെ ഗോപുരങ്ങൾ എണ്ണുവിൻ. 13 വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന് അതിന്‍റെ കൊത്തളങ്ങൾ ശ്രദ്ധിച്ച് അരമനകൾ നടന്ന് നോക്കുവിൻ. 14 ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവം ആകുന്നു; അവിടുന്ന് നമ്മെ ജീവപര്യന്തം വഴിനടത്തും.

Everything we make is available for free because of a generous community of supporters.

Donate