Menu

സങ്കീർത്തനങ്ങൾ 144

IRV

1 എന്‍റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവിടുന്ന് യുദ്ധത്തിന് എന്‍റെ കൈകളെയും പോരിന് എന്‍റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു. 2 എന്‍റെ ദയയും എന്‍റെ കോട്ടയും എന്‍റെ ഗോപുരവും എന്‍റെ രക്ഷകനും എന്‍റെ പരിചയും ഞാൻ ശരണമാക്കിയവനും യഹോവ രാജ്യങ്ങളെ എന്‍റെ കീഴില്‍ തോല്പ്പിക്കുമാറാക്കുന്നു. 3 യഹോവേ, മനുഷ്യനെ അങ്ങ് ഗണ്യമാക്കുവാൻ അവൻ എന്തുണ്ട്? മനുഷ്യനെ അങ്ങ് വിചാരിക്കുവാൻ അവൻ എന്തുമാത്രം? 4 മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്രെ. അവന്‍റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു. 5 യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരേണമേ; പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ. 6 മിന്നൽ അയച്ച് അവരെ ചിതറിക്കേണമേ; അങ്ങേയുടെ അസ്ത്രങ്ങൾ എയ്ത് അവരെ തോല്പിക്കേണമേ. 7 ഉയരത്തിൽനിന്ന് തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ; പെരുവെള്ളത്തിൽനിന്നും അന്യജനതകളുടെ കൈയിൽനിന്നും എന്നെ രക്ഷിക്കേണമേ! 8 അവരുടെ വായ് ഭോഷ്ക് സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു. 9 ദൈവമേ, ഞാൻ അങ്ങേയ്ക്കായി പുതിയ ഒരു പാട്ടുപാടും; പത്തു കമ്പിയുള്ള വീണകൊണ്ട് ഞാൻ അങ്ങേക്ക് കീർത്തനം ചെയ്യും. 10 നീ രാജാക്കന്മാർക്കു ജയം നല്കുകയും അങ്ങേയുടെ ദാസനായ ദാവീദിനെ മരണകരമായ വാളിൽനിന്ന് രക്ഷിക്കുകയും ചെയ്യുന്നുവല്ലോ. 11 അന്യജനതകളുടെ കൈയിൽനിന്ന് എന്നെ വിടുവിച്ച് രക്ഷിക്കേണമേ; അവരുടെ വായ് ഭോഷ്ക് സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു. 12 ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴച്ചുവളരുന്ന തൈകൾപോലെയും ഞങ്ങളുടെ പുത്രിമാർ അരമനയ്ക്കായി കൊത്തിയ മൂലത്തൂണുകൾപോലെയും ആയിരിക്കട്ടെ. 13 ഞങ്ങളുടെ കളപ്പുരകൾ വിവിധ ധാന്യം നല്കുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ. 14 ഞങ്ങളുടെ കാളകൾ ചുമട് ചുമക്കട്ടെ; മതിൽ തകർക്കുന്നതും പടയ്ക്കു പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളിൽ നിലവിളിയും ഇല്ലാതെയിരിക്കട്ടെ. 15 ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളത്; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.

Everything we make is available for free because of a generous community of supporters.

Donate