Menu

ഇയ്യോബ് 4

IRV

1 അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്: 2 “നിന്നോടു സംസാരിക്കുവാൻ ശ്രമിച്ചാൽ നീ മുഷിയുമോ? എന്നാലും പറയാതിരിക്കുവാൻ ആർക്ക് കഴിയും? 3 നീ പലരെയും ഉപദേശിച്ചു തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു. 4 വീഴുന്നവർക്ക് നിന്‍റെ വാക്ക് താങ്ങായി കുഴയുന്ന മുഴങ്കാലുള്ളവരെ നീ ഉറപ്പിച്ചിരിക്കുന്നു. 5 എന്നാൽ ഇപ്പോൾ നിനക്കതു സംഭവിക്കുമ്പോൾ നീ വിഷാദിക്കുന്നു; നിനക്കതു തട്ടിയിട്ടു; നീ ഭ്രമിച്ചുപോകുന്നു. 6 നിന്‍റെ ഭക്തി നിന്‍റെ ആശ്രയമല്ലയോ? നിന്‍റെ നടപ്പിന്‍റെ നിർമ്മലത നിന്‍റെ പ്രത്യാശയല്ലയോ? 7 ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആര്‍? നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളൂ? 8 ഞാൻ കണ്ടിട്ടുള്ളത് അന്യായം ഉഴുതു കഷ്ടത വിതയ്ക്കുന്നവർ അതുതന്നെ കൊയ്യുന്നു. 9 ദൈവത്തിന്‍റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവിടുത്തെ കോപത്താൽ അവർ മുടിഞ്ഞുപോകുന്നു. 10 സിംഹത്തിന്‍റെ ഗർജ്ജനവും ക്രൂരസിംഹത്തിൻ്റെ നാദവും ബാലസിംഹങ്ങളുടെ പല്ലുകളും അറ്റുപോയി. 11 സിംഹം ഇര കിട്ടാത്തതിനാൽ നശിക്കുന്നു; സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു; 12 “എന്‍റെ അടുക്കൽ ഒരു രഹസ്യവചനം എത്തി; അതിന്‍റെ മന്ദസ്വരം എന്‍റെ ചെവിയിൽ കടന്നു. 13 മനുഷ്യർക്ക് ഗാഢനിദ്ര പിടിക്കുമ്പോൾ രാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽ, 14 ഭയവും നടുക്കവും എന്നെ പിടിച്ചു. എന്‍റെ അസ്ഥികൾ കുലുങ്ങിപ്പോയി. 15 ഒരാത്മാവ് എന്‍റെ മുഖത്തിനെതിരെ കടന്നു എന്‍റെ ദേഹത്തിനു രോമഹർഷം ഭവിച്ചു. 16 ഒരു പ്രതിമ എന്‍റെ കണ്ണിനെതിരെ നിന്നു; എങ്കിലും അതിന്‍റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല; നിശ്ശബ്ദതയിൽ മന്ദമായൊരു സ്വരം ഞാൻ കേട്ടത്: 17 ‘മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ? നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ? 18 ഇതാ, സ്വദാസന്മാരിലും അവനു വിശ്വാസമില്ല; തന്‍റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു. 19 പൊടിയിൽ നിന്നുത്ഭവിച്ചു മൺപുരകളിൽ വസിച്ച് പുഴുപോലെ ചതഞ്ഞുപോകുന്നവരിൽ എത്ര അധികം! 20 ഉഷസ്സിനും സന്ധ്യക്കും മദ്ധ്യേ അവർ തകർന്നുപോകുന്നു; ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു. 21 അവരുടെ കൂടാരത്തിന്‍റെ കയറ് അറ്റുപോയിട്ട് അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?’

Everything we make is available for free because of a generous community of supporters.

Donate