Menu

ഇയ്യോബ് 17

IRV

1 “എന്‍റെ ശ്വാസം ക്ഷയിച്ചു, എന്‍റെ ആയുസ്സ് തീർന്നുപോകുന്നു; ശവക്കുഴി എനിക്കായി ഒരുങ്ങിയിരിക്കുന്നു. 2 എന്‍റെ അരികിൽ പരിഹാസമേയുള്ളു; എന്‍റെ കണ്ണ് അവരുടെ പ്രകോപനം കണ്ടു കൊണ്ടിരിക്കുന്നു. 3 “ദൈവമേ, അവിടുന്ന് തന്നെ പണയംകൊടുത്ത് എനിക്കുവേണ്ടി ജാമ്യം നില്ക്കേണമേ. എന്നെ സഹായിക്കുവാൻ മറ്റാരുള്ളൂ? 4 ബുദ്ധി തോന്നാത്തവണ്ണം അവിടുന്ന് അവരുടെ ഹൃദയം അടച്ചുകളഞ്ഞു; അതുനിമിത്തം അവിടുന്ന് അവരെ ഉയർത്തുകയില്ല. 5 ഒരാൾ സ്നേഹിതന്മാരെ കവർച്ചയ്ക്കു വേണ്ടി കാണിച്ചുകൊടുത്താൽ അവന്‍റെ മക്കളുടെ കണ്ണ് മങ്ങിപ്പോകും. 6 “അവിടുന്ന് എന്നെ ജനങ്ങൾക്ക് പഴഞ്ചൊല്ലാക്കിത്തീർത്തു; ഞാൻ മുഖത്തു തുപ്പേല്‍ക്കുന്നവനായിത്തീർന്നു. 7 ദുഃഖം കാരണം എന്‍റെ കണ്ണ് മങ്ങിയിരിക്കുന്നു; എന്‍റെ അവയവങ്ങൾ എല്ലാം നിഴൽപോലെ തന്നെ. 8 നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും; നിഷ്കളങ്കൻ അഭക്തന്‍റെ നേരെ ക്ഷോഭിക്കും. 9 നീതിമാനോ തന്‍റെ വഴി തന്നെ പിന്തുടരും; കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും. 10 എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ; ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല. 11 എന്‍റെ നാളുകൾ കഴിഞ്ഞുപോയി; എന്‍റെ ഉദ്ദേശ്യങ്ങൾക്ക്, എന്‍റെ ഹൃദയത്തിലെ നിരൂപണങ്ങൾക്ക് തകർച്ച സംഭവിച്ചു. 12 അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനോട് അടുത്തിരിക്കുന്നു. 13 ഞാനോ പാതാളത്തെ എന്‍റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്‍റെ കിടക്ക വിരിച്ചിരിക്കുന്നു. 14 ഞാൻ ദ്രവത്വത്തോട്: ‘നീ എന്‍റെ അപ്പൻ’ എന്നും പുഴുവിനോട്: ‘നീ എന്‍റെ അമ്മയും സഹോദരിയും’ എന്നും പറഞ്ഞിരിക്കുന്നു. 15 അങ്ങനെയിരിക്കെ എന്‍റെ പ്രത്യാശ എവിടെ? ആര്‍ എന്‍റെ പ്രത്യാശയെ കാണും? 16 അത് പാതാളത്തിന്‍റെ വാതിലുകൾ വരെ ഇറങ്ങിപ്പോകുമോ? പൊടിയിലേക്ക് അത് ഇറങ്ങിവരുമോ?"

Everything we make is available for free because of a generous community of supporters.

Donate